Get Mystery Box with random crypto!

ബറോസിന്റെ പേര് എല്ലാ ഭാഷകളിലും എന്തുകൊണ്ട് ഒരുപോലെ ആവണം - S | മോഹൻലാൽ | Mohanlal

ബറോസിന്റെ പേര് എല്ലാ ഭാഷകളിലും എന്തുകൊണ്ട് ഒരുപോലെ ആവണം -

Sajeev Mohan , Asst Professor CET, Trivandrum

പാൻ ഇന്ത്യൻ സിനിമ എന്ന രീതിയിൽ വൻവിജയം നേടിയ ദക്ഷിണേന്ത്യൻ സിനിമകളുടെ പേരുകൾ നോക്കുക. Bahubali-The beginning, Bahubali-2-The conclusion, KGF-Chapter 1, KGF Chapter-2, 777 Charlie, RRR, Pushpa- The Rise...! എല്ലാം ഇംഗ്ലീഷ് പേരുകൾ !

ഇതു യാദൃച്‌ഛികമല്ല..!

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് തീയറ്ററിൽ ടിക്കറ്റ് ബുക്ക് ചെയ്യപ്പെടുന്നത് കൂടുതലും Bookmyshow വഴിയാണ്. മിക്കവരും ഒരു സിനിമ കാണണോ എന്നു തീരുമാനിക്കുന്നത് പോലും Bookmyshow യിലെ റേറ്റിംഗും ലൈക്കുകളുടെ എണ്ണവും നോക്കിയാണ്. ഈ സാഹചര്യത്തിൽ പരമാവധി എണ്ണം ലൈക്കുകൾ consolidate ചെയ്യുന്നവർക്ക് അതിന്റെ നേട്ടം കിട്ടും. ഇതിനുള്ള എളുപ്പ വഴിയാണ് എല്ലാ ഭാഷകളിലും ഒറ്റപ്പേര് എന്നത്. ബുക്ക് മൈ ഷോയിൽ ഒറ്റ പോസ്റ്റർ നൽകി ഒറ്റ ലിങ്കിൽ ലൈക്കുകൾ നേടുക എന്നത്.

KGF -ചാപ്റ്റർ -1 നു മുമ്പ് യാഷ് കർണാടകയ്ക്ക് പുറത്ത് ആരാധകരുള്ള ആളല്ല. പക്ഷെ, എല്ലാ ഭാഷയിലും ആ ചിത്രത്തിന്റെ  ആദ്യ ദിനങ്ങളിൽ ലൈക്കുകളായി കണ്ടത് കന്നടക്കാർ നൽകിയ റേറ്റിംഗ് തന്നെയാണ്. ചാർളിയുടെ കാര്യത്തിലും ദുൽക്കറിന്റെ സീതാരാമത്തിന്റെയും കുറുപ്പിന്റെയും കാര്യത്തിലും ഉണ്ടായ നേട്ടം ഇതാണ്. ഒറ്റ ലിങ്കിൽ നിന്ന് ഇഷ്ടമുള്ള ഭാഷ തെരെഞ്ഞെടുക്കാനുള്ള അവസരം നൽകുമ്പോൾ ഇത്രയധികം ഭാഷയിൽ ഈ ചിത്രം ഉണ്ട് എന്നതു കൂടി ഒരു പ്ലസ് പോയിന്റായി പലരും കാണും.

കമലഹാസന്റെ 'വിക്രം' എടുക്കുക. തമിഴിനും തെലുങ്കിനും ഒറ്റ ലിങ്കാണ് നൽകിയിരുന്നത്. എന്നാൽ ഹിന്ദിയിൽ ചിത്രത്തിന്റെ പേര് Vikram - The Hitlist എന്നായപ്പോൾ ലിങ്ക് വേറെയായി. ഹിന്ദിയിൽ ആരാധകർ കുറവുള്ള കമലഹാസന്റെ ചിത്രത്തിന് റിലീസ് ദിനത്തിൽ കണ്ട ലൈക്കുകൾ ആയിരത്തിൽ താഴെ ! റേറ്റിംഗും മോശം! (ആദ്യം 100 ശതമാനം റേറ്റിംഗ് നൽകി ഫാൻസ് ആണല്ലോ റേറ്റിംഗ് ഉയർത്തി നിർത്താൻ പാടുപെടുന്നത്.) ഫലമോ തമിഴ്നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലുമൊക്കെ കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഹിന്ദിയിൽ പൊളിഞ്ഞു പാളീസായി !

Lucifer എന്ന ടൈറ്റിൽ ആ ചിത്രത്തിന്റെ Pan indian reach-ന് എത്ര സഹായിച്ചു എന്നു വിലയിരുത്തൽ  നടത്തിയില്ല. Marakkar എന്ന ഒറ്റപ്പേരിൽ ഇറക്കാമായിരുന്ന ചിത്രം മലയാളത്തിൽ മരക്കാർ - അറബിക്കടലിന്റെ സിംഹം ആയും ഹിന്ദിയിൽ मराक्कर: अरब सागर का शेर ആയുമൊക്കെ ഓരോ ഭാഷയിലും വെവ്വേറെ ഇറങ്ങിയപ്പോൾ pan indian reach നുള്ള എല്ലാ സാധ്യതയും അടഞ്ഞു. (പോരാഞ്ഞതിന് ചിത്രം ഇറങ്ങുന്നതിനു രണ്ടു ദിവസം മുമ്പു വരെ എല്ലാഭാഷയിലും കിടന്നത് മലയാളം പോസ്റ്റർ )

ദൃശ്യം -2വിന്റെ കാര്യമെടുക്കുക. Direct OTT ആയി ചിത്രം  റിലീസ് ചെയ്തപ്പോൾ ആമസോൺ Drishyam-2 എന്നാണ് ദൃശ്യം-2 എന്നല്ല മലയാളത്തിൽ മാത്രമിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിൽ എഴുതിയത്. ദൃശ്യത്തിന്റെ അന്യഭാഷാ പതിപ്പുകളുടെ ഒന്നാം ഭാഗവും സൂപ്പർഹിറ്റായിരുന്നു എന്ന സാധ്യതയാണ് അവർ ഉപയോഗിച്ചത്. ഫലമോ? IMDB യുടെ first week trending ലിസ്റ്റിൽ ആഗോളതലത്തിൽ ചിത്രം ഒൻപതാമതെത്തി.

Barroz എന്നത് കൗതുകമുണർത്തുന്ന ഒരു പേരാണ്. പക്ഷെ, പോസ്റ്റർ വന്നപ്പോൾ മലയാളത്തിൽ 'നിധി കാക്കുന്ന ഭൂതം' എന്നു കാണുന്നു. മറ്റു ഭാഷകളിൽ ഇതിന്റെ മൊഴിമാറ്റം പ്രതീക്ഷിക്കാം!

എന്തു നേട്ടമാണിതു കൊണ്ടുള്ളത്?

നേരത്തെ പറഞ്ഞ പോലെ ചിത്രത്തിന്റെ വിപണനസാധ്യതയെ അതിന്റെ ശിൽപ്പികൾ തന്നെ ഇല്ലാതാക്കുകയാണ്. ഇതിനൊപ്പം പടം റിലീസാവുന്ന നിമിഷം തന്നെ  ഇറക്കുന്ന റിവ്യൂകൾ കൂടിയാവുമ്പോൾ  നിധിയുടെ കാര്യം ഒരു വഴിയാവും!

വാൽക്കഷ്ണം :  'രണം രുധിരം രൗദ്രം' എന്നതിന്റെ ചുരുക്കമാണ് RRR എന്ന് സിനിമയിറങ്ങുന്നതു വരെ (ഇപ്പോഴും?) അധികമാർക്കുമറിയില്ല. എന്നിട്ടെന്തായി? പടത്തിനു വല്ലതും പറ്റിയോ? RRR എന്നത് രാജ് മൗലി, രാം ചരൺ, രാമറാവു (Jr) എന്നു വരെ ചില വിദഗ്ധർ കണ്ടുപിടിച്ചു കളഞ്ഞു എന്നതൊഴിച്ചാൽ !

@Mohanlal